കുറ്റിപ്പുറം: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
പകരനെല്ലൂർ ജുമാമസ്ജിദിന് സമീപത്ത് നിർമാണത്തിലിരുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ് പിറകിലെ ക്വാറിയിലേക്ക് തകർന്ന് വീണത്.
സംഭവ സമയത്ത് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും അപകടം മനസിലാക്കിയ തൊഴിലാളികൾ ഉടനെ പുറത്തിറങ്ങുകയായിരുന്നു. നിരവധി കുട്ടികൾ വൈകുന്നേരങ്ങളിൽ കുളിക്കാനെത്തുന്ന ക്വാറിയിലേക്കാണ് കെട്ടിടം ഇടിഞ്ഞ് വീണത്. സംഭവസമയത്ത് കുട്ടികൾ ഇവിടെ ഇല്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി.
വിവരം അറിഞ്ഞ് കുറ്റിപ്പുറം പൊലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തി. സുരക്ഷാ മുൻരുതലുകളുടെ ഭാഗമായി കെട്ടിടത്തിന് ചുറ്റുഭാഗം വടം കെട്ടി അടച്ചിട്ടുണ്ട്.
നിർമാണ അനുമതി ഉണ്ടായിരുന്നെങ്കിലും നടപടിക്രമങ്ങൾ പാലിച്ചാണോ പ്രവൃത്തി നടത്തിയിരുന്നതെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു,